Wednesday 3 September 2014

ചൊവ്വയ്ക്കരികെ മംഗള്‍യാന്‍

ചരിത്രം തിരുത്തി ഇന്ത്യയുടെ സ്വന്തം മംഗള്‍യാന്‍ ചൊവ്വയ്ക്കരികിലേക്ക്... ലോകത്തിന്റെ കാത്തിരിപ്പ് മൂന്നാഴ്ചകൂടി. ചുവപ്പന്‍ ഗ്രഹത്തിന്റെ ചുരുളഴിക്കാന്‍ നിര്‍ണായക യാത്രയിലാണ് ഒരു മാരുതി കാറിന്റെ വലുപ്പമുള്ള ഈ ഉപഗ്രഹം. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ചാന്ദ്രയാന്‍-1 ദൗത്യത്തിനുശേഷം ഐഎസ്ആര്‍ഒ നടത്തുന്ന ശ്രദ്ധേയ മുന്നേറ്റത്തെ ലോകമാകെ ഉറ്റുനോക്കുകയാണ്.പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ചാല്‍ മംഗള്‍യാന്‍ സെപ്തംബര്‍ 24ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു കടക്കും. ഇതോടെ ആദ്യദൗത്യത്തില്‍തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ കൃത്യതയോടെ എത്തുന്ന ആദ്യ ഉപഗ്രഹമാകും മംഗള്‍യാന്‍ . ചൊവ്വാ ദൗത്യം വിജയകരമാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ ഇന്ത്യയും ഇടംനേടും. റഷ്യ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് മുമ്പ് ഈ ദൗത്യത്തില്‍ വിജയം നേടിയവര്‍. എന്നാല്‍, ഈ രാജ്യങ്ങള്‍ ആദ്യ ദൗത്യത്തില്‍ വിജയംകണ്ടിരുന്നില്ല. ഇതുവരെയുണ്ടായ 51 ദൗത്യങ്ങളില്‍ 21 എണ്ണമേ വിജയിച്ചുള്ളു. ചൊവ്വയെ ഭ്രമണംചെയ്ത് വിവരശേഖരണതിനു പുറപ്പെട്ട 22 പേടകങ്ങളില്‍ ഒമ്പതെണ്ണം മാത്രമേ ലക്ഷ്യംകണ്ടുള്ളു. ചൊവ്വയുടെ ഉപരിതലത്തിലിറക്കാനുള്ള 10 ലാന്‍ഡര്‍ ദൗത്യങ്ങളില്‍ മൂന്നും ഏഴ് റോവര്‍ ദൗത്യങ്ങളില്‍ നാലുമേ വിജയത്തിലെത്തിയുള്ളു. കഴിഞ്ഞ നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ച മംഗള്‍യാന്‍ 85 ശതമാനത്തിലേറെ യാത്രയും പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഭൂമിയില്‍നിന്ന് ഇത്രയും ദൂരം എത്തുന്ന ഇന്ത്യയുടെ ആദ്യ പേടകംകൂടിയാണിത്. ചൊവ്വയുടെ 74 ലക്ഷം കിലോമീറ്റര്‍ അടുത്ത് മംഗള്‍യാന്‍ എത്തിക്കഴിഞ്ഞു. ഭൂമിയില്‍നിന്ന് 19 കോടി കിലോമീറ്റര്‍ അകലെയും. ഭൂമിയില്‍നിന്ന് പേടകത്തിലേക്കും തിരിച്ചും സിഗ്നല്‍ എത്താന്‍ 20 മിനിറ്റ് വേണ്ടിവരുന്നുണ്ട്. സൗരകേന്ദ്രീകൃത പാതയില്‍ സഞ്ചരിക്കുന്ന മംഗള്‍യാന്റെ വേഗം സെക്കന്‍ഡില്‍ 22.32 കിലോമീറ്ററായി ഉയര്‍ന്നുകഴിഞ്ഞു. പേടകത്തിന്റെ അവസാനവട്ട പാത തിരുത്തല്‍ പ്രവര്‍ത്തനം സെപ്തംബര്‍ 14 നാണ്. പേടകത്തിലെ ബൂസ്റ്റര്‍ റോക്കറ്റ് ജ്വലിപ്പിച്ചാണ് ഇതു സാധ്യമാക്കുക. ഐഎസ്ആര്‍ഒ സെന്ററായ ഇസ്ട്രാക്കില്‍നിന്നുള്ള സന്ദേശം സ്വീകരിച്ചാണ് പേടകം സ്വയം സഞ്ചാരപഥം തിരുത്തുക. സെപ്തംബര്‍ 24ന് രാവിലെ 7.30ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു പ്രവേശിക്കും. അതിവേഗത്തില്‍ പായുന്ന ഉപഗ്രഹത്തെ നിയന്ത്രിക്കാന്‍ എതിര്‍ദിശയില്‍ ലിക്വിഡ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കും. 22.8 മിനിറ്റ് 240 കിലോഗ്രാം ഇന്ധനമാണ് ഇതിനായി ജ്വലിപ്പിക്കുക. ഇതിനായി ഭൂമിയില്‍നിന്നുള്ള സന്ദേശം മൂന്നുദിവസം മുമ്പുതന്നെ ഉപഗ്രഹത്തിലെ സ്വയം നിയന്ത്രണ സംവിധാനത്തിലേക്ക് നല്‍കിയിരിക്കും. ഈ നിയന്ത്രണസംവിധാനങ്ങളുടെ വിജയം മംഗള്‍യാന്റെ ലക്ഷ്യത്തില്‍ നിര്‍ണായകമാണ്. പേടകത്തെ കുറഞ്ഞത് 327 കിലോമീറ്ററിനും കൂടിയ ദൂരമായ 80,000 കിലോമീറ്ററിനും ഇടയിലുള്ള നിശ്ചിത ഭ്രമണപഥത്തില്‍ ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ചൊവ്വയുടെ 327 കിലോമീറ്റര്‍ അടുത്തുവരെയെത്തി ചിത്രങ്ങളെടുക്കാനും വിവരങ്ങള്‍ ശേഖരിക്കാനും ഇതുമൂലം കഴിയും. അഞ്ച് പരീക്ഷണ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ആറുമാസം ചൊവ്വയെ വലംവയ്ക്കും. മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥൈന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് ആണ് ഉപകരണങ്ങളില്‍ പ്രധാനം. ചൊവ്വയില്‍ ജലത്തിന്റെയും ജീവന്റെയും സാന്നിധ്യം തേടിയുള്ള യാത്രയില്‍ ചൊവ്വാരഹസ്യങ്ങളാകെ ചുരുള്‍നിവരുമെന്നാണ് പ്രതീക്ഷ. ഒക്ടോബറില്‍ ചൊവ്വയില്‍ പതിക്കാനിടയുള്ള ഒരു വാല്‍നക്ഷത്രം മംഗള്‍യാന് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ഇതിനെ കാര്യമാക്കേണ്ടെന്നാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍

ആഗസ്ത് 29 ദേശീയ കായിക ദിനം

ഓരോ അന്തരാഷ്ട്ര മത്സരം കഴിയുമ്പോഴും 130 കോടിയോളം വരുന്ന ഇന്ത്യക്കാര്‍ നിരാശരാവും. ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളുടെ ആള്‍ബലം പോലുമില്ലാത്ത രാജ്യങ്ങള്‍ മെഡല്‍പട്ടികയില്‍ ആദ്യസ്ഥാനം കൈയടക്കുമ്പോള്‍ എന്തുകൊണ്ട് നമ്മള്‍ മാത്രം പിന്തള്ളപ്പെടുന്നു? ഇത്തരം ചിന്തകള്‍ സജീവമാക്കാനും അതിനുസൃതമായി പ്രവര്‍ത്തനപരിപാടികള്‍ രൂപപ്പെടുത്താനും ദേശീയ കായിക ദിനാചരണത്തിലൂടെ കഴിയണം. മിന്നുന്ന വേഗത്തില്‍ പന്തുമായി പാഞ്ഞ് എതിര്‍പോസ്റ്റില്‍ ഗോള്‍മഴ പെയ്യിച്ചിരുന്ന ഇന്ത്യന്‍ ഹോക്കിയുടെ വിസ്മയ താരം ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ആഗസ്ത് 29നാണ് രാഷ്ട്രം ദേശീയ കായിക ദിനാചരണം സംഘടിപ്പിക്കുന്നത്. കായിക പ്രതിഭകളെ വളര്‍ത്തിയെടുത്ത് രാഷ്ട്രത്തിന് മുതല്‍ക്കൂട്ടാക്കാന്‍ ബോധപൂര്‍വമായ ഇടപെടല്‍ ആവശ്യമാണ്. വേണ്ടത്ര പരിശീലനം കിട്ടാത്ത അവസ്ഥ, ചെറുപ്പത്തില്‍തന്നെ കഴിവുള്ള കുട്ടികളെ കണ്ടെത്താന്‍ കഴിയാത്ത സ്ഥിതി, അര്‍ഹരായവര്‍ക്ക് നൂതനസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനത്തിന്റെ അപര്യാപ്തത എന്നിവ പരിഹരിച്ചു മാത്രമേ കായികപ്രതിഭകളെ വളര്‍ത്തിയെടുക്കാനാവൂ. കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം കായികദിന ചിന്തകള്‍ പരിമിതപ്പെടരുത്. ആരോഗ്യമുള്ള മനസ്സും ശരീരവും എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തണം. കായിക-മാനസിക സുസ്ഥിതി കൈവരിക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കാനുള്ള വ്യത്യസ്തമായ പദ്ധതികളാണ് വേണ്ടത്. സ്കൂള്‍ തലത്തില്‍ ആരംഭിക്കുന്ന കായികവിദ്യാഭ്യാസ പരിപാടിക്ക് ഇക്കാര്യത്തില്‍ ഏറെ ചെയ്യാനാവും. വിദ്യാഭ്യാസലക്ഷ്യംതന്നെ ശാരീരിക-മാനസിക വികാസമാണ്. ശാരീരികക്ഷമത പഠനത്തെ ഗുണകരമായി ബാധിക്കും. കായികവിദ്യാഭ്യാസം ചിട്ടയാവുന്നതോടെ ആരോഗ്യമുള്ള പുതുതലമുറ സൃഷ്ടിക്കപ്പെടും. സ്കൂള്‍തലത്തില്‍ നടപ്പാക്കുന്ന വ്യത്യസ്തങ്ങളായ കായിക പ്രവര്‍ത്തനങ്ങളില്‍ പ്രാതിനിധ്യം ഉറപ്പാക്കി കായികദിനാചരണത്തില്‍ പങ്ക് ചേരുക. താല്‍പര്യമുള്ള ഏതെങ്കിലും ഇനങ്ങളില്‍ സ്ഥിരപരിശീലനം നേടുക. ഇത് മത്സര വിജയത്തിനപ്പുറം മാനസികോല്ലാസവും നല്‍കും. കളിക്കളത്തിലെ മാന്ത്രികന്‍ 1932ലെ ഒളിമ്പിക്സ് ഹോക്കി. ഇന്ത്യയും അമേരിക്കയും തമ്മിലാണ് മത്സരം. കളി പകുതിയായപ്പോള്‍തന്നെ ഇന്ത്യ ഏറെ ഗോളുകള്‍ക്ക് മുന്നിലാണ്. കളിക്കളം നിറഞ്ഞുകളിച്ച ഒരു ഇന്ത്യന്‍ കളിക്കാരന്റെ ഹോക്കി സ്റ്റിക്കില്‍ എന്തോ മന്ത്രവിദ്യയുണ്ടെന്ന പരാതിയുമായി ഒരു അമേരിക്കന്‍താരം ബഹളംവച്ചു. ഇന്ത്യന്‍ കളിക്കാരനാവട്ടെ തന്റെ ഹോക്കി സ്റ്റിക്ക് ആ കളിക്കാരന് പകരം നല്‍കി. അയാളുടെ സ്റ്റിക്ക് ഉപയോഗിച്ച് കളിച്ചു. ഒരു വ്യത്യാസവും ഉണ്ടായില്ല. അമേരിക്കയുടെ ഗോള്‍വല നിറഞ്ഞുകൊണ്ടേയിരുന്നു. കളി അവസാനിച്ചപ്പോള്‍ ഗോള്‍ നില 24-1. എതിരാളികളെ അതിശയിപ്പിച്ച ആ ഇന്ത്യന്‍ പ്രതിഭയുടെ പേരാണ് ധ്യാന്‍ചന്ദ്. ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലത്തെ വീരനായകന്‍. ഫുട്ബാളില്‍ പെലെയ്ക്കുള്ള സ്ഥാനമാണ്, അതിനും മേലെയാണ് ഹോക്കിയില്‍ ധ്യാന്‍ചന്ദ്. 1905 ആഗസ്ത് 29ന് അലഹബാദിലായിരുന്നു ജനം. ധ്യാന്‍സിങ് എന്നായിരുന്നു ശരിയായ പേര്. പ്രതിഭ തിരിച്ചറിഞ്ഞ കട്ടുകാര്‍ ചന്ദ്രന്‍ എന്നര്‍ഥം വരുന്ന ചന്ദ് പേരിനൊപ്പം കൂട്ടിച്ചേര്‍ത്തു. സഹകളിക്കാരാകട്ടെ സ്നേഹപൂര്‍വം ദാദാ എന്നു വിളിച്ചു. ധ്യാന്‍ചന്ദ് ഇന്ത്യന്‍ ഹോക്കിക്ക് നല്‍കിയ വിസ്മയാവഹങ്ങളായ പ്രകടനങ്ങള്‍ വിലമതിക്കാവുന്നതല്ല. മൂന്ന് തവണ ഒളിമ്പിക്സ് സ്വര്‍ണം നേടിത്തരുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ ആത്മകഥ "ദി ഗോള്‍' ഇന്ത്യന്‍ ഹോക്കിയുടെ വിശേഷങ്ങള്‍ കൂടിയാണ്. ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രം, ടീം പര്യടനങ്ങള്‍, ഒളിമ്പിക്സ് നേട്ടങ്ങള്‍ സഹകളിക്കാര്‍ എന്നിവരെക്കുറിച്ചെല്ലാം വ്യക്തമായ വിവരണം നല്‍കുന്നുണ്ട്. കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള പരമോന്നതമായ ഇന്ത്യന്‍ ദേശീയ പുരസ്കാരം ധ്യാന്‍ചന്ദിന്റെ പേരിലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മത്സരരംഗത്ത് നിന്ന് വിരമിച്ചതിനുശേഷവും കായികരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കാണ് ഈ അവാര്‍ഡ്. 1956ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ധ്യാന്‍ചന്ദിനെ ആദരിച്ചിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ 2000ല്‍ നൂറ്റാണ്ടിലെ ഇന്ത്യന്‍ താരങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ മികച്ച പുരുഷതാരമായി അംഗീകരിക്കപ്പെട്ടത് ധ്യാന്‍ചന്ദാണ്. 1980ല്‍ രാഷ്ട്രം ധ്യാന്‍ചന്ദിന്റെ പേരില്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. 1979 ഡിസംബര്‍ മൂന്നിനാണ് അദ്ദേഹം അന്തരിച്ചത്. സ്കൂള്‍ കായികമേള കായിക പ്രതിഭകളെ കണ്ടെത്തു ന്നതിന് സ്കൂള്‍ മുതല്‍ ദേശീയതലംവരെ നീളുന്ന സ്കൂള്‍ കായികമേളയ്ക്ക് തയ്യാറെടുക്കാം. ഇന്ത്യ കണ്ട പല കായിക പ്രതിഭകളെയും കേരളത്തിന് സംഭാവനചെയ്തത് ഇത്തരം മേളകളാണ്. വ്യത്യസ്ത വിഭാഗങ്ങളായി കുട്ടികളെ തിരിച്ചാണ് മത്സരം. മത്സരാര്‍ഥിയുടെ പ്രായം അടിസ്ഥാനമാക്കിയാണ് മത്സരവിഭാഗം നിശ്ചയിക്കുന്നത്. അത്ലറ്റിക്സ്, നീന്തല്‍, ഗെയിംസ് എന്നീ മേഖലകളിലാണ് മത്സര ങ്ങള്‍.ഗെയിംസ് : 17 ഗെയിംസ് ഇനങ്ങളാണ് സ്കൂള്‍ കായികമേളയുടെ ഭാഗമായി നടത്തുന്നത്. വോളിബോള്‍, ബാസ്കറ്റ്ബോള്‍, ഹാന്‍ഡ്ബോള്‍, ഹോക്കി, ഖൊ-ഖൊ, കബഡി, ഷട്ടില്‍ ബാഡ്മിന്റണ്‍, ബോള്‍ ബാഡ്മിന്റണ്‍, ടേബിള്‍ടെന്നീസ്, ക്രിക്കറ്റ്, ഫുട്ബാള്‍, ജിംനാസ്റ്റിക്സ്, ടെന്നീസ്, ഗുസ്തി, ചെസ്, ജൂഡോ തുടങ്ങിയവയാണ് മത്സരയിനങ്ങള്‍. ഗുസ്തി, ക്രിക്കറ്റ്, ഫുട്ബാള്‍ മത്സരങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ്. ബാക്കിയുള്ള ഗെയിമുകള്‍ക്ക് ഇരുവിഭാഗങ്ങളിലുമായി ഹൈസ്കൂള്‍ ഹയര്‍സെ ക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേക മത്സരമുണ്ടാവും. നീന്തല്‍: സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍, വിഭാഗങ്ങള്‍ക്കാണ് നീന്തല്‍മത്സരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത നീന്തല്‍ ഇനങ്ങളില്‍ പ്രത്യേക മത്സരമുണ്ട്.അത്ലറ്റിക്സ്: എല്‍പി, യുപി, വിദ്യാര്‍ഥികളെ മൂന്ന് വിഭാഗങ്ങളിലായി തിരിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മത്സരമാണുള്ളത്. കിഡീസ്(ആണ്‍-പെണ്‍)മത്സരയിനങ്ങള്‍- 100മീ, 200മീ. ഓട്ടം ലോങ്ജംപ്, ഹൈജംപ്, 4 ത 100 മീറ്റര്‍ റിലേഎല്‍പി കിഡീസ് (ആണ്‍-പെണ്‍)50മീ, 100മീ ഓട്ടം ലോങ്ജംപ്, 4 ത 100 മീറ്റര്‍ റിലേഎല്‍പി മിനി (ആണ്‍-പെണ്‍)50മീ, 100മീ ഓട്ടം, സ്റ്റാന്‍ഡിങ് ബ്രോഡ്ജംപ്, 4 ത 50 മീറ്റര്‍ റിലേജൂനിയര്‍, സബ്ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്കായി ആണ്‍- പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം സംഘടിപ്പിക്കുന്ന മത്സരയിനങ്ങള്‍

കേരളപ്പഴമ

കേരളത്തിന് എത്ര വയസ്സായി? നമ്മുടെ സംസ്ഥാനം രൂപംകൊണ്ടത് 1951 നവംബര്‍ ഒന്നിനാണെന്നറിയാമല്ലോ. അതിനുമുമ്പ് കേരളം ഉണ്ടായിരുന്നില്ലേ? ഉണ്ട്. ഇന്നു കാണുന്നതുപോലുള്ള കേരളമായിരുന്നില്ലെന്നു മാത്രം. പണ്ടുപണ്ടേ ഇന്ത്യയുടെ അവിഭാജ്യഘടകമായിരുന്നു കേരളമെന്ന ഈ പ്രദേശം. അതേസമയം ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും നമ്മുടെ നാടിന് ചില പ്രത്യേകതക ളുണ്ട്. കിഴക്ക് പ്രകൃതിയൊരുക്കിയ കോട്ടപോലുള്ള സഹ്യപര്‍വതനിരയ്ക്കും പടിഞ്ഞാറ് അറബിക്കടലിനും ഇടയിലായി, ഇന്ത്യയുടെ തെക്കേ അറ്റത്ത് തെക്കുവടക്കു നീളത്തില്‍ കിടക്കുന്ന ഭൂഭാഗമാണല്ലോ കേരളം. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍നിന്ന് ഒട്ടൊന്നൊഴിഞ്ഞുനില്‍ക്കാനും വിദേശരാജ്യങ്ങളുമായി വിപുലവും സജീവവുമായ ബന്ധം പുലര്‍ത്താനും കേരളത്തെ സഹായിച്ചിട്ടുണ്ട്.
കേരളമെന്ന ഭൂപ്രദേശത്തിന്റെ പിറവിയെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. കേരളത്തിന്റെ ചരിത്രമാരംഭിക്കുന്നത് സഹസ്രാബ്ദങ്ങള്‍ക്കപ്പുറമാണെന്നാണ് തെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. നമ്മുടെ മുതുമുത്തച്ഛന്മാര്‍ അക്കാലത്ത് ഏതുരീതിയിലായിരുന്നു ജീവിച്ചിരുന്നത് എന്നറിയാന്‍ എന്താണ് മാര്‍ഗം? ഗ്രന്ഥങ്ങളോ ശിലാശാസനങ്ങളോ സാഹസികരായ വിദേശികളുടെ യാത്രാവിവരണങ്ങളോ ഒന്നുമില്ല ഈ അതിപ്രാചീനകാലത്തെക്കുറിച്ച് മനസ്സിലാക്കാന്‍. എഴുത്തും വായനയും ആരംഭിക്കുന്നതിനുമുമ്പുള്ള കാലഘട്ടമാണത്. പിന്നെ എന്താണ് വഴി? ഇരുളടഞ്ഞുകിടക്കുന്ന ആ ചരിത്രാതീതകാലത്തേക്ക് എത്തിനോക്കണമെങ്കില്‍ ഒരുവഴിയേയുള്ളൂ. ഭൂഗര്‍ഭശാസ്ത്രജ്ഞരുടെയും നരവംശ ശാസ്ത്രജ്ഞരുടെയും സ ഹായം തേടുക.
കേരളത്തിന് ചരിത്രാതീതഭാരതത്തിന്റെ ഭൂപട ത്തില്‍ സ്ഥാനം നേടിക്കൊടുത്തത് പാലക്കാട്ടുനിന്നും മറ്റും ശിലായുഗത്തിലെ ആയുധങ്ങള്‍ കണ്ടെത്തിയതോടെയാണ്. ഹിമയുഗത്തിനും ആദിശിലായുഗത്തിനും ഇടയ്ക്കുള്ള കാലഘട്ടത്തിലേതെന്ന് ഊഹിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍ ഭാരതപ്പുഴയുടെ പോഷകനദിയായ മലമ്പുഴയ്ക്കും കാഞ്ഞിരപ്പുഴയ്ക്കും ഇടയ്ക്കുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് 50,000വര്‍ഷം പഴക്കം കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ തടങ്ങളില്‍ ശിലായുധ നിര്‍മ്മാണശാലയും ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.
കേരളചരിത്രത്തെ ആഴത്തില്‍ മനസ്സിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ യെല്ലാം ഫലമായി പല പുതിയ കണ്ടെത്തലുകളുമുണ്ടായിട്ടുമുണ്ട്. ക്രിസ്തുവിന് അഞ്ചോ ആറോ നൂറ്റാണ്ടുകള്‍ക്കുമുമ്പ് കേരളം മറ്റുദേശങ്ങളുമായി വ്യാപാരത്തിലേര്‍പ്പെട്ടിരുന്നുവെന്നതിനു തെളിവുകളുണ്ട്. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് കണ്ടുകിട്ടിയ പ്രാചീന നാണയ ങ്ങളും മറ്റും ഇരുളടഞ്ഞ ആ കാലത്തേക്ക് വെളിച്ചം വീശുന്നവയാണ്. തൃശൂര്‍ ജില്ലയിലെ ഇയ്യാല്‍ എന്ന സ്ഥലത്തുനിന്നുകിട്ടിയ പ്രാചീനാണയങ്ങളില്‍ മൗര്യകാലത്തിന് മുമ്പും പിമ്പുമുള്ളവയുണ്ടായിരുന്നു. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ഒട്ടനവധി പഴ യ റോമന്‍ നാണയങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം കേരളത്തിന്റെ പ്രാചീന മറുനാടന്‍ ബന്ധങ്ങളുടെ മായാത്ത മുദ്രകളാണ്. മാഹാശിലായുഗ സ്മാരക ങ്ങള്‍, ജൈന-ബുദ്ധമതാവശിഷ്ടങ്ങള്‍, ഗുഹാക്ഷേത്രങ്ങള്‍, മുസ്ലീം ദേവാലയങ്ങള്‍, ജൂതപ്പള്ളികള്‍, കോട്ടകള്‍, പുരാലിഖിതങ്ങള്‍ തുടങ്ങിയവയെല്ലാം പഴയ കേരള ത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നവ തെളിവുകളാണ്.

ചേരളവും കേരളവും
"കേരളം' എന്ന പേരുകളുണ്ടായതിനെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കേരളം എന്ന പേര് കേര(തെങ്ങ്)ത്തില്‍ നിന്നുണ്ടായതാണ് എന്നുപറയുന്നവരുണ്ട്. സംസ്കൃത ഗ്രന്ഥങ്ങളില്‍ കേരം, ചേരം എന്നീ പേരുകള്‍ പര്യായപദങ്ങളായി ഉപയോഗിച്ചിട്ടുണ്ട്. കേരം "ചേര'ത്തിന്റെ കര്‍ണ്ണാടകോച്ചാരണമാണെന്ന് അഭിപ്രായപ്പെടുന്ന ഡോ. ഗുണ്ടര്‍ട്ട് കേരളത്തിന്റെ ആദ്യപേര് ചേരം എന്നായിരുന്നുവെന്നും പിന്നീട് കേരളം ആയതാണെന്നും പറയുന്നുണ്ട്. തമിഴില്‍ "ചരല്‍' എന്ന പദത്തിന് മലഞ്ചെരിവ് എന്നാണ് അര്‍ഥം. "ചരല്‍' "ചേരല്‍' ആയിമാറുകയും അത് കേരളത്തിന്റെ അഥവാ ചേരനാട്ടിന്റെ പേരായിതീരുകയും ചെയ്തു. ചേര്‍(ചെളി), അളം(സ്ഥലം) എന്ന രണ്ടു ശബ്ദങ്ങള്‍ ചേര്‍ന്നാണ് ചേരളം ഉണ്ടായതെന്നും പറയുന്നവരുണ്ട്. കടല്‍ നീങ്ങി കരയോടുചേര്‍ന്ന സ്ഥലം എന്ന അര്‍ഥത്തില്‍ "ചേര്‍ന്ത അളം'ചേരളമായെന്നും പറയ പ്പെടുന്നു.
അറിയപ്പെടാത്ത കേരളംകേരളത്തിന്റെ പ്രാക്ചരിത്രം ദത്തങ്ങളുടെ അടിസ്ഥാനത്തില്‍ പൂര്‍ണമായ വിധത്തില്‍ തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് കേരളത്തിന്റെ പുരാതന ചരിത്രം ഏറെക്കുറെ അജ്ഞാതമാണ്. ഉത്ഖനങ്ങള്‍, ശിലായുഗ കാലത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ എന്നിവയിലൂടെ ഇനിയും വിവരങ്ങള്‍ ലഭിക്കാനിരിക്കുന്നേയുള്ളൂ.ചരിത്രത്തിന്റെ തെളിവുകള്‍ കല്ലിലും മണ്ണിലും ഫോസിലുകളിലും നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. വായ്മൊഴികളിലൂടെയും വരമൊഴികളിലൂടെയും അത് തലമുറകളിലേക്കു പകര്‍ന്നുകിട്ടുന്നു. ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, എന്നിവയിലെല്ലാം അതിന്റെ തെളിവുകള്‍ രേഖപ്പെടുത്തിരിക്കുന്നു. കേരളത്തിന്റെ പഴമയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് പരിമിതമായ ദത്തശേഖരങ്ങളേ ഉള്ളൂ എന്നതാണ് നമ്മുടെ മുന്നിലെ പ്രധാന വെല്ലുവിളി.
ചരിത്രവികാസം ഇങ്ങനെപുരാതന ശിലായുഗം, മധ്യശിലായുഗം, നവീന ശിലായുഗം, താമ്രയുഗം , ഇരുമ്പുയുഗംനവീന ശിലായുഗ കാലത്തെക്കുറിച്ചുള്ള തെളിവുകള്‍ നമുക്കു ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നവീനശിലായുഗ ജീവിതം ഉണ്ടായിരുന്നു. വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നു സാമാന്യമായും എറണാകുളം തിരുവനന്തപുരം ജില്ലകളില്‍ നിന്ന് ചെറി യതോതിലും നവീന ശിലായുഗത്തെളിവുകള്‍ ലഭ്യമാണ്. കേരളത്തില്‍ എല്ലായിടത്തും മഹാശിലസംസ്കാരത്തിന്റെ ശേഷിപ്പുകള്‍ ഉണ്ട്.
കേരളത്തിലെ മഹാശില സംസ്കാരത്തിന്റെ പഴക്കം സംശയരഹിതമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. മഹാശിലായുഗ സംസ്കാരത്തെളിവുകള്‍വില്ല്, അമ്പ്, കുന്തം, കഠാര, കന്മഴു, ഇരുമ്പുവാള്‍ തുടങ്ങിയ ആയുധങ്ങള്‍, കറുപ്പും ചുവപ്പും നിറമുള്ള മണ്‍പാത്രങ്ങള്‍, കുടക്കല്ല്, തൊപ്പിക്കല്ല്, ശവക്കല്ലറകള്‍, നന്നങ്ങാടികള്‍, ഗുഹകള്‍ ഇവയാണ് മഹാശിലായുഗത്തിന്റെ തെളിവുകള്‍. തൊഴില്‍: മുഖ്യമായും കൃഷിയും കാലി വളര്‍ത്തലും മഹാശിലായുഗ സംസ്കാരത്തെളിവുകള്‍ കണ്ടെത്തിയ സ്ഥലങ്ങള്‍പടിഞ്ഞാറ്റുംമുറി, ചാത്തമംഗലം, ചെലവൂര്‍, മയനാട്(കോഴിക്കോട്) മറയൂര്‍, തെന്മല-(ഇടുക്കി) പോര്‍ക്കളം(തൃശൂര്‍), എടയ്ക്കല്‍, തോവരി, കുപ്പക്കൊല്ലി(വയനാട്), മങ്ങാട്(കൊല്ലം), ആനക്കര(പാലക്കാട്)